FeaturedHome-bannerKeralaNews

ഏലപ്പട്ടയ ഭൂമിയിൽ ടൂറിസം വേണ്ട; ഇടുക്കിയിലെ എല്ലാ പാട്ടഭൂമിയും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയിലെ ഏലപ്പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഏലം കൃഷിക്ക് മാത്രമായി അനുവദിച്ച ഭൂമിയിലെ കെട്ടിടങ്ങള്‍, ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. ജില്ലയില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

മകയിരം പ്ലാന്റേഷനുമായി ബന്ധപ്പെട്ട വിവാദ എന്‍.ഒ.സി. വിഷയം പരിഗണിക്കവെയാണ്‌ഹൈക്കോടതിയുടെ ഉത്തരവ്. ഏലപ്പട്ടയഭൂമിയായ മകയിരം പ്ലാന്റേഷനില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തുകയും അത് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സ്‌റ്റോപ്പ് മെമോയും ഇപ്പോള്‍ നല്‍കി.

ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയില്‍ ‘പ്ലാന്റേഷന്‍ ടൂറിസം’ എന്ന പേരില്‍ ഇത്തരത്തില്‍ ഏലപ്പാട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന വിഷയമാണ് കോടതിക്ക് മുന്നില്‍ വന്നത്. പ്ലാന്റേഷനുകള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് കടിഞ്ഞാണിടുകയാണ് കോടതിയുടെ ഉത്തരവിന്റെ ലക്ഷ്യം.

തഹസില്‍ദാര്‍മാരാണ് ജില്ലയിലെ മുഴുവന്‍ ഭൂമിയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ഇത് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം മകയിരം പ്ലാന്റേഷന്റെ വിവാദ എന്‍.ഒ.സി. വിഷയത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെതിരെ അന്വേഷണമില്ല എന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button