കൊച്ചി: അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജാമ്യാപേക്ഷ ഈ മാസം 30ന് വീണ്ടും പരിഗണിക്കും. വഞ്ചന കുറ്റം ചുമത്തിയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ വാദം. മനപൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്.
ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിനെ പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. സെസി സേവ്യര്‍ സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെയാണ് പോലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമ ബിരുദമില്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയാണ് പ്രതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്.
കോടതിയില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യര്‍ എത്തിയെങ്കിലും കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങി. ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പ്പെട ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നോര്‍ത്ത് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസടുത്ത് അന്വേഷണം തുടരുകയാണ്.