കൊച്ചി: സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ സ്‌പെഷല്‍ അരി നല്‍കുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന് അരിവിതരണം തുടരാമെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ മാസം 10 കിലോ അരി നല്‍കുന്ന നടപടിയാണ് കമ്മീഷന്‍ തടഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റില്‍ അരിവിതരണം നിര്‍ത്തിയ സര്‍ക്കാര്‍ വീണ്ടും മാര്‍ച്ചില്‍ പുനരാരംഭിച്ചിരുന്നു. ഈ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ അരി വിതരണം തടഞ്ഞത്.
എന്നാല്‍ തുടര്‍പ്രക്രിയയുടെ ഭാഗമാണിതെന്നും അരി നല്‍കുമെന്നത് ബജറ്റിലെ പ്രഖ്യാപനമാണെന്നും സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍ത്തിയെന്നായിരുന്നു കമ്മീഷന്റെ ചോദ്യം. സര്‍ക്കാരിന്റേത് ചട്ടലംഘനമാണെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ സര്‍ക്കാര്‍ വാദം മുഖവിലയ്‌ക്കെടുത്ത് അരി വിതരണം തുടരാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.