കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിമരുന്ന് ഉപയോഗം തടയാന്‍ കാമ്പസ് പോലീസ് യൂണിറ്റിനു രൂപം നല്‍കണമെന്നും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കര്‍മപദ്ധതികള്‍ നടപ്പാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലീസിനും എക്സൈസിനും തുടര്‍ച്ചയായി പരിശോധന നടത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ഏഴു നിര്‍ദേശങ്ങള്‍ നല്‍കിയ ഡിവിഷന്‍ ബെഞ്ച് മൂന്നു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഇവ നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ വര്‍ധിക്കുന്ന ലഹരിമരുന്നിന്റെ ഉപയോഗം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദേശം. ഹര്‍ജി മൂന്നു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.