ഫ്‌ളെക്‌സ് നിരോധനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഫ്‌ളെക്‌സ് നിരോധനത്തില്‍ സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. റോഡില്‍ അപകടകരമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നത് തടയേണ്ടത് റോഡ് സുരക്ഷ കമ്മീഷണറുടെ അധികാരമാണെന്ന് ഇന്ന് സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇത്രകാലമായി റോഡ് സുരക്ഷ കമ്മീഷണര്‍ എവിടെ ആയിരുന്നു എന്നു കോടതി ചോദിച്ചു.
കോടതിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത വേണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ അറ്റോണിയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും തമ്മില്‍ രൂക്ഷമായ വാദ പ്രതിവാദത്തിനും കോടതി മുറി സാക്ഷിയായി. ഒന്നൊര കൊല്ലത്തിനുള്ളില്‍ ഒട്ടേറെ ഉത്തരവുകള്‍ ഇറക്കിയിട്ടും ഒന്നും നടക്കുന്നില്ല. ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിക്കാം എന്നും കോടതി വ്യക്തമാക്കി. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.