കൊച്ചി: ടൂറിസ്റ്റ് ബസുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബസിലെ അലങ്കാര ലൈറ്റുകളിലും ശബ്ദ സംവിധാനങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കിമാറ്റരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലും വാട്‌സാപ്പ് നമ്ബറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലുണ്ടാ വാഹനാപകടങ്ങൾ കണക്കിലെടുത്താണ് ടൂറിസ്റ്റ് ബസുകൾക്കെതിരെ കോടതി രംഗത്തെത്തിയത്.
മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ഉച്ചത്തില്‍ മുഴങ്ങുന്ന പാട്ടുകളുമായി ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും വരുത്തുന്ന മാറ്റങൾക്കെതിരെയാണ് ഹൈക്കോടതി ഇടപെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പരുകള്‍ പ്രസിദ്ധീകരിക്കണം. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
സുരക്ഷാ മാനദണ്ഡം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പരാതി നൽകാനുള്ള വാട്‌സാപ്പ് നമ്പരുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബിലുള്ള പ്രമോ വീഡിയോകള്‍ പരിശോധിച്ചും നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇക്കാര്യത്തില്‍ കഴിഞ്ഞ ജനുവരിയിലടക്കം ഉത്തരവിട്ടിട്ടും നടപ്പാക്കുന്നതിൽ മോട്ടോര്‍ വാഹന വകുപ്പും പൊലീസും വീഴ്ച വരുത്തുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല തീര്‍ത്ഥാടകരുടെ യാത്രാ സുരക്ഷക്കു വേണ്ടിയുള്ള സേഫ് സോണ്‍ പദ്ധതിയെക്കുറിച്ച് സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍.