കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രാഹിനുമെതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിന് മോന്‍സന്റെ വീട്ടില്‍ പോയിയെന്നും കോടതി ചോദിച്ചു.
മോന്‍സണ്‍ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഇത് പരിഗണിക്കവേയാണ് കോടതി വിമര്‍ശനം. മനോജ് അയച്ച കത്ത് എവിടെയാണെന്ന് ചോദിച്ച കോടതി മനോജ് അന്വേഷണത്തിന് കത്ത് നല്‍കിയെന്ന് വാദം തെറ്റല്ലേ എന്നും ചോദിച്ചു.
പോലീസ് മേധാവിയും എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കേസില്‍ ഉരുണ്ടു കളിക്കരുതെന്നും ഡിജിപിയോട് (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) കോടതി പറഞ്ഞു. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മോന്‍സണ് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ എഴുതിയ കത്തും കോടതിക്ക് കൈമാറിയിട്ടുണ്ട്. പുരാവസ്തു മ്യൂസിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം പ്രകടിപ്പിച്ചു ഡിജിപി മനോജ് എബ്രഹാം എഴുതിയ നോട് ഫയലും റിപ്പോര്‍ട്ട് ഉള്‍കൊള്ളിച്ചിരുന്നു.