ദില്ലി:തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരസ്യവിമർശനം നടത്തുന്നതിന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് വിലക്ക്. വിമർശനം നടത്തുന്ന നേതാക്കളുടെ നടപടി പാർട്ടി ദുർബലപ്പെടുത്തുന്നതാണെന്നും അത് പാടില്ലെന്നും കേരളത്തിൻറെ ചുമതലയുള്ള കോൺഗ്രസ് ജന സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും വലിയ എതിർപ്പുയർന്നിരുന്നു. അനൂകൂല സാഹചര്യമായിട്ടും അത് മുതലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവുമായി കെ മുരളീധരനും, കെ സുധാകരനും, രാജ്മോഹൻ ഉണ്ണിത്താനടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. കെപിസിസി ഓഫീസിൽ മുറിയടച്ചിട്ട് മൂന്നോ നാലോ പേർ ചർച്ച നടത്തുന്ന രീതിയാണുള്ളതെന്നും ഇങ്ങനെ പോയാൽ ഇനിയും റിസൽട്ട് തന്നെ ആവർത്തിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
വീഴ്ച സമ്മതിച്ചത് ആത്മാർത്ഥമായാണെങ്കിൽ മുല്ലപ്പള്ളി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തിയല്ല പ്രശ്നമെന്ന് പറഞ്ഞ് പിന്നീട് തിരുത്തി. കെ സുധാകരനെ കോൺഗ്രസ് പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ടുള്ള യൂത്ത് കോൺണഗ്രസിന്റെയും കെഎസ് യുവിൻറെയും പേരിൽ ഇന്ദിരാ ഭവന് മുന്നിലടക്കം തലസ്ഥാനത്ത് ഫ്ലക്സ് പ്രളയമാണ്. മുല്ലപ്പള്ളി മാത്രമല്ല ചെന്നിത്തലയും ഒഴിയണണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.