പഠിപ്പ് മുടക്കോ ഘെരാവോയോ പാടില്ല; കലാലയ രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: കലാലയ രാഷ്ട്രീയത്തിനെതിരെ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോളജില്‍ പഠിപ്പ് മുടക്കോ, ഘെരാവോയോ, മാര്‍ച്ചോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
പഠിപ്പ് മുടക്കിനോ, സമരത്തിനോ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കരുതെന്നും പഠിപ്പ് മുടക്കിന് പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടായാല്‍ കോളജ്, സ്‌കൂള്‍ അധികൃതര്‍ക്ക് പോലീസിനെ വിളിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരവ് കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കലാലയ രാഷ്ട്രീയത്തിനെതിരെ ഒരു കോളജ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കലാലയ രാഷ്ട്രീയത്തിന് തടയിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് നിര്‍ണായകമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.