തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഡബ്ല്യുസിസി. സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന് താരസംഘടന അമ്മ പ്രതികരിച്ചു. സർക്കാരാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്. ചർച്ചയിൽ തങ്ങൾക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളും പങ്കെടുത്തു.
മീറ്റിങ്ങിൽ വ്യക്തത കുറവ് എന്ന് ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ഇന്നത്തെ യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടാനാകില്ലെന്നു സർക്കാർ ആവർത്തിച്ചു. 500 പേജുള്ള റിപ്പോർട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. ചർച്ചയിൽ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിർദേശങ്ങൾ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്നം അല്ല. ഇന്നത്തെ മീറ്റിങ്ങിൽ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉൾപ്പെടുത്തി ചർച്ച വേണമെന്നും ഡബ്ല്യുസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു.
‘അമ്മ’യ്ക്ക് യോജിപ്പ്, ഫിലിം ചേംബറിന് എതിർപ്പ്
സർക്കാരിന്റെ 90% നിർദ്ദേശങ്ങളോടും യോജിക്കുന്നു എന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. ചിലത് നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. ചർച്ചയെ, നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും നടൻ സിദ്ദിഖ് പറഞ്ഞു. തുല്യവേതനം അടക്കമുള്ള നിർദേശത്തിൽ വ്യക്തകുറവ് ഉണ്ടെന്ന് അറിയിച്ച് അവയെ അമ്മയടക്കമുള്ള സംഘടനകൾ എതിർത്തു.
ഭൂരിപക്ഷം നിർദേശങ്ങൾ നടപ്പാക്കുന്നതിൽ തടസ്സമില്ല എന്ന് ഫിലിം ചേംബർ പ്രസിഡന്റ് സുരേഷ്‌കുമാർ യോഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂർ ഗോപാലകൃഷ്ണൻ സമിതി നിർദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സർക്കാർ കൃത്യമായ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാർ പറഞ്ഞു.