ഹെല്‍മെറ്റ് ധരിക്കാത്തതിന് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പിഴയടക്കാതിരിക്കാന്‍ ചെയ്തത്; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി
അഹമ്മദാബാദ്: ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ച് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ രസീതുമായി രക്ഷപെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരേയും പോലീസ് ഉടന്‍ തന്നെ പിടികൂടുകയും രസീത് ബുക്ക് തട്ടിയെടുത്തതിന് ഉള്‍പ്പെടെ കേസെടുക്കുകയും ചെയ്തു. പുതിയ വാഹനനിയമത്തിലെ കനത്ത ശിക്ഷയില്‍നിന്നും രക്ഷപെടാനായിരുന്നു യുവാക്കള്‍ രസീത് ബുക്കും തട്ടിയെടുത്ത് കടന്നത്.
കരഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍വരുന്ന വിക്ടോറിയ ഗാര്‍ഡനിലായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഇരുവരെയും ട്രാഫിക് പോലീസുകാരനായ ദിപ്‌സിംഗ് തടഞ്ഞുനിര്‍ത്തി. ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴ അടയ്ക്കണമെന്ന് ദിപ്‌സിംഗ് ആവശ്യപ്പെട്ടു. ഗൗരംഗ് വോറയും ഗിരിഷ് പര്‍മാറും പണമടയ്ക്കാന്‍ തയാറായില്ല. വാക്കേറ്റത്തിനൊടുവില്‍ യുവാക്കള്‍ പോലീസുകാരന്റെ കൈയില്‍നിന്നും ബുക്ക് തട്ടിയെടുത്ത് ഓടുകയായിരുന്നു. എന്നാല്‍ ഇരുവരേയും ഉടന്‍ തന്നെ പിടികൂടാന്‍ പോലീസിനായി. ഇവര്‍ക്കെതിരെ മോഷണശ്രമം, ഔദ്യോഗകൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.