ടെഹ്‌റാൻ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ കണ്ടതായി രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക ടിവി. ഏകദേശം രണ്ടുകിലോമീറ്ററോളം അകലെ ഹെലിക്കോപ്റ്റർ കണ്ടതായാണ് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ തലവൻ പിർ ഹുസൈൻ കോലിവൻഡ് അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തേ, രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ആളില്ലാ വിമാനം അപകടസ്ഥലം കണ്ടെത്തിയതായുള്ള വിവരം പുറത്തുവന്നിരുന്നു. അകിൻസി യുഎവി എന്ന ആളില്ലാ വിമാനമാണ്, അപകടസ്ഥലം കണ്ടെത്തിയതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് വൻതോതിൽ ചൂട് പ്രവഹിക്കുന്നത് കണ്ടെത്തിയതോടെയാണ് അത് അപകടം സംഭവിച്ച സ്ഥലമാണെന്ന അനുമാനത്തിലെത്തിയത്. അതേസമയം, ഇത്തരം വാർത്തകൾ ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. മോശം കാലാവസ്ഥ നിമിത്തം ഇതുവരെ രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താൻ പോലുമായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയിൽപ്പെട്ട് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരെ കാണാതായത്. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. 14 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സൗദിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫയ്ക്കടുത്തു വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നുവെന്നും വിവരമുണ്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്സിക്ക് ഒപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണു വിവരം. ഇറാൻ–അസർബൈജാൻ അതിർത്തിയിൽ ഇന്നലെ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനത്തിനായാണു റെയ്സി എത്തിയത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവും പങ്കെടുത്തിരുന്നു.
ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.
ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.