തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഒക്ടോബര്‍ 14ന് 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബര്‍ 15, 16 തിയതികളില്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും.
ഇന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നാളെ തെക്ക് കിഴക്കന്‍ അറബിക്കടലിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍ 14ന് കന്യാകുമാരി തീരത്തും മാലിദ്വീപ് തീരത്തും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരത്തും ഒക്ടോബര്‍ 15ന് തെക്ക് കിഴക്കന്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാറന്‍ ഗള്‍ഫ് ഓഫ് മാന്നാര്‍ തീരത്തും മാലിദ്വീപ് തീരത്തും കന്യാകുമാരി തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.