തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കുമാണ് സാധ്യത.
മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം നിലവിൽ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ട് മാറിയും സ്ഥിതിചെയ്യുകയാണ്. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണിത്. നിലവിലെ മുന്നറിയിപ്പ് പ്രകാരം നാളെയും ഇടുക്കിയിൽ യെല്ലോ അലേർട്ടാണ്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കാണ് ഈ ജില്ലകളിൽ സാധ്യതയുള്ളത്.
കർണാടക തീരത്ത് ഇന്നും തിങ്കളാഴ്ചയും മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ രണ്ട് ദിവസം ഇവിടെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ശ്രീലങ്കൻ തീരത്തിന്‍റെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനം പാടില്ല.