തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ ചേലക്കരയിലെ വിവിധ ഇടങ്ങളില്‍ മരം വീണ് അപകടം. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂര്‍ക്കരയില്‍ വീടിന് മുകളില്‍ മരം വീണ് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. മുള്ളൂര്‍ക്കര കമ്പനിപ്പടിക്ക് സമീപം ഭീമന്‍ ആല്‍മരമാണ് വീടിന് മുകളിലേക്ക് കടപുഴകി വീണത്. വണ്ടി പറമ്പില്‍ വീട്ടില്‍ ഹനീഫയുടെ ഓടിട്ട വീട് അപകടത്തില്‍ തകര്‍ന്നു.
അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഹനീഫയുടെ അമ്മ ലൈല, ഭാര്യ അനിഷ, മക്കളായ ജമീല, അഫിത എന്നിവര്‍ക്ക് കൂടാതെ വഴിയാത്രക്കാരനായിരുന്ന ഉണ്ണായില്‍ ഗോപാലന്‍ എന്നയാള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാഞ്ഞാളില്‍ പൈങ്കുളം സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു.
തിരുവഞ്ചിക്കുഴി ഭാഗത്ത് മൂന്ന് വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. മൂന്ന് ഓട്ടോറിക്ഷകളുടെ മുകളിലാണ് മരം വീണത്. അപകടത്തില്‍ ആളപായമില്ല. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചു.