കേരളത്തില്‍ തുലാവര്‍ഷം കനക്കുന്നു; ശക്തമായ ഇടിമിന്നലിന് സാധ്യത, കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലും സംസ്ഥാനത്തും ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരുന്ന ഞായറാഴ്ച കാസര്‍കോട് ഒഴുകെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തെക്കന്‍ ജില്ലകള്‍ക്കും വയനാട്ടിലും മുന്നറിയിപ്പുണ്ട്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ 40 മുതല്‍ 55 വരെ വേഗത്തില്‍ ഇന്ന് കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 40 മുതല്‍ 55 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.