KeralaNews

വടക്കൻ ജില്ലകളില്‍ മഴ കനക്കും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഇന്ന് മഴ ലഭിക്കുമെങ്കിലും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ വിവിധ ജില്ലകളിൽ മിതമായ മഴ ലഭിക്കും. ഇന്ന് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് (18 – 06 – 2024) രാത്രി 10:00 മണി മുതൽ നാളെ (19 – 06 – 2024) രാത്രി 07:00 വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11:30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള – ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം കർണാടക തീരത്ത് വ്യാഴം വെള്ളി ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് അറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ കർണാടക തീരത്ത് മണിക്കൂറിൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ഗൾഫ് ഓഫ് മന്നാറും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കി.മീവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button