തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടിയത് സർക്കാരിന് വീഴ്ച അല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കൂട്ടി. പലരും നിർദേശങ്ങൾ മറികടന്ന് കൂട്ടം കൂടുന്ന സ്ഥിതിയുണ്ടായി. മാസ്‌ക് അടക്കം ഒരു പ്രതിരോധവും ഉണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിൽ കെ കെ ശൈലജ വ്യക്തമാക്കി.
കേരളമടക്കം കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ അടിയന്തര നടപടി സ്വീകരിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം.
അതേ സമയം സംസ്ഥാനത്തെ രണ്ടാംഘട്ട കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍.