KeralaNews

സിക്ക വൈറസിന്റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ട; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സിക്ക വൈറസിന്റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം 13 പേര്‍ക്ക് സിക്ക രോഗം സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നെന്നും കൃത്യമായ അക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തില്‍ പ്രധാനമാണ്. ഇത് ഒരു തരം പനിയാണ് എന്നാല്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം പ്രതിരോധത്തിനായി ഉറപ്പ് വരുത്തും. മഴക്കാല രോഗങ്ങളും മരണങ്ങളും ഇത്തവണ കുറവായിരുന്നുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഗര്‍ഭിണികളില്‍ സിക്ക ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകര്‍. സിക്ക സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജനം ശക്തിപ്പെടുത്തേണ്ടി വരും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ആവശ്യമായ വാക്‌സിന്‍ സംസ്ഥാനത്ത് എത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ആളുകളുടെ എണ്ണത്തിന് അനുസരിച്ചല്ല രോഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വാക്‌സിന്‍ ലഭ്യമാവേണ്ടത്. ഓക്‌സിജനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. നിലവില്‍ ബുദ്ധിമുട്ടുകളില്ലെന്നും മന്ത്രി വിശദീകരിച്ചു.

കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതിലൂടെയാണ് ഇപ്പോഴും നമ്മള്‍ മുന്നോട് പോകുന്നത്. പ്രവാസികളുടെ കോവിഡ് വാക്‌സിനേഷനില്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനം എടുത്തതാണ്. കൃത്യമായ രേഖകളോടെ ഡിഎംഒ ഓഫീസില്‍ എത്തുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമായും നല്‍കണം.

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് വിട്ടുപോയ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ നാല് ദിവസം കൂടി വേണമെന്ന് ജില്ലാ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button