എറണാകുളം : വിശ്വാസ വഞ്ചന കാണിച്ച ഭർത്താവിന് ആറ് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി. ലോക്കറിൽ വെക്കാൻ ഭാര്യ നൽകിയ സ്വർണം പണയം വെച്ചതിനാലാണ് ഭർത്താവിന് ആറ് മാസം തടവ് ശിക്ഷിച്ചത്. തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്‌ട്രേട്ട് കോടതി വിധി ജസ്റ്റിസ് എ ബദറുദീൻ ശരിവച്ചു. കൂടാതെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.
വിവാഹ സമ്മാനമായി ലഭിച്ച 50 പവൻ സ്വർണം ബാങ്ക് ലോക്കറിൽ വയ്ക്കാൻ ഭാര്യ ഭർത്താവിനോട് പറയുകയായിരുന്നു. താൻ ആവശ്യപ്പെടുമ്പോൾ എടുത്ത് നൽകണെമന്നും ഭാര്യ പറഞ്ഞിരുന്നു. എന്നാൽ സ്വർണം തിരികെ ചോദിച്ചപ്പോൾ എടുത്തു നൽകിയില്ല. അപ്പോൾ ചോദിച്ചപ്പോഴാണ് സ്വർണം പണയം വെച്ചിരിക്കുകയാണ് എന്ന് ഭാര്യ അറിയുന്നത്.
തുടർന്ന് പിണങ്ങി ഭാര്യയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് നിരവധി തവണ സ്വർണം എടുത്ത് തരാൻ പറഞ്ഞ് സമീപിച്ചിട്ടും ഭർത്താവ് എടുത്ത് നൽകിയില്ല. ഇതിനെ തുടർന്നാണ് പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്.
ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത് വിശ്വാസ വഞ്ചനയാണ് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇതിനായി, രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്നും ഇതും ഭാര്യയെ വഞ്ചിക്കലായിരുന്നു എന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി പ്രതി കുറ്റക്കാരനെന്നു വിധിച്ചു. പ്രതിക്ക് കോടതി ആറുമാസം തടവും വിധിച്ചു . ഇതിനെതിരെ പ്രതി സെഷൻസ് കോടതിയെ സമീപിച്ചു. മജിസ്‌ട്രേട്ട് കോടതി വിധി ശരിവയ്ക്കുകയാണ് സെഷൻസ് കോടതിയും ചെയ്തത്. മാത്രമല്ല, 5 ലക്ഷം രൂപ നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
കേസിലെ 5ാം സാക്ഷിയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ മൊഴിയും ഭർത്താവ് കുറ്റക്കാരനാണെന്നു തെളിയിക്കുന്നതായും കോടതി വ്യക്തമാക്കി.