ചെന്നൈ:മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ ജനജീവിതം താറുമാറായ വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി വരുന്നത്. ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയതുംപ്പോൾ താരങ്ങൾ ഉൾപ്പെടെ അവിടെയുള്ള പലരും തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വെളിപ്പിപ്പെടുത്തുന്ന നിരവധി വിഡിയോകൾ പുറത്തു വിട്ടിരുന്നു.
ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം നടൻ റഹ്മാൻ പങ്കുവച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും ഫയർ ആൻഡ് റസ്ക്യൂ വിഭാഗം രക്ഷപെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടൻ അശോക് സെൽവന്റെ ഭാര്യയും നടിയുമായ കീർത്തി പാണ്ഡ്യൻ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്.
“ഇത് മൈലാപ്പൂർ, വിവേകാനന്ദ കോളേജിന് സമീപമുള്ള രാധാകൃഷ്ണൻ സാലയിൽ. ഇവിടെ വെള്ളം വൃത്തിയാക്കാൻ ആരും എത്തിയിട്ടില്ല. ഇന്നലെ മുതൽ ഇങ്ങനെയാണ്, മിനിറ്റുകൾക്കകം കൂടുതൽ മലിനജലം പുറത്തേക്ക് വന്ന് കലരുകയാണ്. ഇവിടെ താഴത്തെ നിലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൈലാപ്പൂരിന്റെ മറ്റ് ഭാഗങ്ങളിലും ഇതാണ് അവസ്ഥ.
ഇതിൽ എന്തെങ്കിലും ചെയ്യണം. 2015ലെ വെള്ളപ്പൊക്കത്തിൽ പോലും ഇവിടെ വെള്ളം കെട്ടിനിന്നിട്ടില്ല. വർഷം മുഴുവനും, ഇവരൊക്കെ റോഡുകൾ കുഴിച്ചുകൊണ്ടിരുന്നു, റോഡുകൾ ഒന്നിലധികം തവണ കുഴിച്ചെടുത്തു, എന്നിട്ട് അതൊക്കെ പുനഃസ്ഥാപിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കാരണം ഇപ്പോൾ ആകെ തകിടം മറിഞ്ഞ് വെള്ളം പൂർണമായും ഇവിടെ റോഡുകളിൽ കെട്ടിക്കിടക്കുകയാണ്. ഇവിടെയുള്ള അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമുള്ള ആളുകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും ലഭിക്കാൻ പുറത്തിറങ്ങാൻ കഴിയുന്നില്ല.
വെള്ളം പോലും കുടിക്കുന്നില്ല ആരും. ഞങ്ങൾക്ക് ഇപ്പോൾ 48 മണിക്കൂറിൽ കൂടുതൽ ആയി വൈദ്യുതിയില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. ഞങ്ങൾ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്ത് ഇറങ്ങിയാലോ ടെറസിലെ ചില കോണുകളിൽ പോയാലോ മാത്രമാണ് നെറ്റ്‌വർക്ക് ലഭിക്കുന്നത്. ചെന്നൈ പോലീസ് ദയവു ചെയ്ത് ഈ പ്രദേശത്ത് എത്രയും വേഗം എന്തെങ്കിലും ചെയ്യുക!” കീർത്തി പാണ്ഡ്യൻ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങിനെ.
കൊറിയോഗ്രാഫർ കല മാസ്റ്ററും തന്റെ വീടും സമീപപ്രദേശവും വെള്ളത്തിൽ ആണെന്ന് പോസ്റ്റ് ചെയ്തിരുന്നു. “എന്റെ വീടും സമീപ പ്രദേശങ്ങളും എന്റെ അയൽപക്കവും എല്ലാം വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. അവിടെ താമസിക്കുന്ന ധാരാളം ആളുകൾക്ക് ഭക്ഷണമോ വൈദ്യുതിയോ ലഭ്യമല്ല.
അത്യധികം ബുദ്ധിമുട്ടിലായ ഈ സാഹചര്യത്തിൽ ഞാൻ അടുത്തുള്ള എല്ലാവർക്കും അത്താഴവും മെഴുകുതിരികളും നൽകാൻ തീരുമാനിച്ചു. എല്ലാവർക്കും നൽകാനുള്ള ഭക്ഷണത്തിനായി എന്നെ സഹായിച്ച ഗീതം സംഘടനയ്ക്ക് നന്ദി” എന്ന് കുറിച്ചുകൊണ്ടാണ് കാലമാസ്റ്റർ ഒരു വീഡിയോ ആണ് ഷെയർ ചെയ്തിരിക്കുന്നത്.