പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി സ്വകാര്യ എയർ ബസ്സിലെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. പകൽ സമയത്ത് ഉപയോഗിക്കാൻ സൂക്ഷിച്ചതായിരുന്നു ഇവയെന്നാണ് ഇരുവരും എക്സൈസിന് നൽകിയ മൊഴി. ചാലക്കുടിയിൽ കാറിൽ കടത്തിയ 185 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിലായിരുന്നു. കോട്ടയം തലയോലപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 100 കിലോ കഞ്ചാവും പിടികൂടിയിരുന്നു.
തൃശ്ശൂർ സ്വദേശികളായ അനന്തു സ്വകാര്യഎയർ ബസിലെ ഡ്രൈവറും, അജി ഇതേ ബസിലെ ക്ലീനറുമാണ്. ഡ്രൈവിങ് ചെയ്യാത്ത സമയത്ത് ഉപയോഗിക്കാൻ കരുതി വെച്ചതാണ് ഹാഷിഷ് ഓയിലും കഞ്ചാവുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ എക്സൈസ് സംഘം വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട കണ്ടെത്തിയത്.
പ്രതികളുടെ ലൈസൻസും വിശദാംശങ്ങളും മോട്ടോർ വാഹന വകുപ്പിനു അടുത്ത ദിവസം കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ 185 കുപ്പി മദ്യം കടത്തിയ ടാറ്റൂ ആർടിസ്റ്റും കൂട്ടാളിയും അറസ്റ്റിലായി. വടകര സ്വദേശി രാജേഷും ടാറ്റൂ അർടിസ്റ്റായ മാഹി സ്വദേശി അരുണുമാണ് മാഹിയിൽ നിന്ന് മദ്യം കടത്തിയത്. കാറിന്‍റെ ഡിക്കിയില്‍ കാർഡ്ബോഡ് പെട്ടികളിൽ നിരത്തിവെച്ച മദ്യക്കുപ്പികൾ ചാക്ക് കൊണ്ട് മറച്ചുവെച്ച നിലയിലായിരുന്നു. രാജേഷ് മുമ്പും മദ്യക്കടത്ത് കേസിലെ പ്രതിയായിട്ടുണ്ട്.
കോട്ടയം തലയോലപ്പറമ്പിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവാണ് പിടിച്ചത്. രണ്ടുപേർ പിടിയിലായി. ക്രിമനൽ കേസുകളിൽ പ്രതിയായ മുണ്ടക്കയം സ്വദേശി രഞ്ജിത്ത്, ചിറയിൽ താഴെ കെൻസ് ബാബു എന്നിവരാണ് അറസ്റ്റിലായത്.