മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുളള ഹരിത നേതാക്കളുടെ പരാതിയും അതിനോട് അനുബന്ധിച്ച് ഉയർന്നു വന്ന വിവാദങ്ങളും നിലനിൽക്കെ, മുസ്ലീം ലീഗിൽ രാജി. പരാതി ഉന്നയിച്ച ഒരു ഹരിത പ്രവർത്തകയുടെ പിതാവ്, മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീർ കലമ്പനാണ് രാജിവച്ചത്.
ഹരിത പ്രവർത്തകയായ മകളെക്കുറിച്ച് എം.എസ്.എഫ് നേതാവ് മോശം പരാമർശം നടത്തിയതിൽ പാർട്ടി നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി. എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പിലിനെതിരെഇദ്ദേഹത്തിന്റെ മകൾ പരാതി നൽകിയിരുന്നു.
ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിന് നൽകിയ അന്ത്യശാസനം.
എംഎസ്എഫ് നേതൃത്വത്തിൽ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയിൽ വിശദമായ ചർച്ചകൾ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് മുൻപായി വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു.