കൊച്ചി:നടിയെ പീഡിപ്പിച്ചെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ അമ്മയിൽ നിന്നും പുറത്താക്കാത്തതിനാൽ അമ്മയിൽ നിന്നും രാജിവച്ച നടപടിയിൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്റെ രാജി ചർച്ചയായെന്ന് സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായും തീരുമാനത്തിൽ മാറ്റമുണ്ടോയെന്ന് ചോദിച്ചതായും ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
വിജയ്‌ബാബു വിഷയത്തിൽ നിലപാട് ഇടവേള ബാബു വ്യക്തമായതോടൊപ്പം ‘അമ്മ’ എന്ന സംഘടനയുടെ പേര് A.M.M.A എന്ന് വിളിക്കുന്നതിന് തിരിച്ചെത്തിയാലും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതായും ഹരീഷ് വ്യക്തമാക്കുന്നു. ഇത്ര സ്‌ത്രീവിരുദ്ധമായ സംഘടനയെ അമ്മ എന്ന് അഭിസംബോധന ചെയ്യാനാവില്ലെന്ന് ഹരീഷ് പേരടി ഉറപ്പിച്ച് പറഞ്ഞ് നിലപാട് വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
ഇന്നലെ എ.എം.എം.എയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ എ.എം.എം.എ.പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ.സി കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..എ.എം.എം.എ യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..
ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ.
..എ.എം.എം.എ ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(എക്‌സിക്യൂട്ടീവ് മീറ്റിംഗ്) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…