EntertainmentKeralaNews

ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യന്‍ മാത്രമെ എന്നെ തിരിച്ചു വിളിച്ചുള്ളു: ‘അമ്മ’യോടുള്ള വിയോജിപ്പിനെക്കുറിച്ച് ഹരീഷ് പേരടി

കൊച്ചി:താരസംഘടനായ ‘അമ്മ’യോടുള്ള വിയോജിപ്പിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സംഘടനയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും രാജി പിന്‍വലിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പേരടി പറഞ്ഞു. 

”എനിക്ക് അമ്മ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുണ്ട്. അങ്ങനെയുള്ള എന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ എന്നിലെ നടനെ അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. അത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ പലരും സിനിമയിലേയ്ക്ക് കൊണ്ടുവരും. എന്നാല്‍, മോഹന്‍ലാല്‍ രണ്ടും രണ്ടായിട്ടാണ് കാണുന്നത്.

അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്നോട് അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. അത് വേറെ കാര്യമാണ്. എന്നാല്‍ എന്നിലെ നടനെ അദ്ദേഹം പരിഗണിക്കുന്നുണ്ട്. അതാണ്, അമ്മ സംഘടനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ ഞാന്‍ മോഹന്‍ലാല്‍ സിനിമകളുടെ ഭാഗമാകുന്നത്. അമ്മയ്ക്കെതിരെ എടുത്ത നിലപാടുകളില്‍ എനിക്ക് മാറ്റമൊന്നുമില്ല. അവര്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു.

സ്ത്രീ വിരുദ്ധ നിലപാട് എടുത്തവര്‍ തുടരുന്ന കാലത്തോളം എന്റെ നിലപാടില്‍ മാറ്റമില്ല. അഴിച്ചു പണികള്‍ സംഘടനയില്‍ ഉണ്ടാകണം. ചില വീട്ടില്‍ നിന്നും ചില മക്കള്‍ ഇറങ്ങി പോകാറുണ്ട്. മക്കളുടെ ആ തിരോധാനം ആ വീടിനെ വേട്ടയാടും.

എന്നെ തിരിച്ച് അമ്മയിലേയ്ക്ക് വിളിക്കുമോ എന്ന് ഞാന്‍ ചിന്തിക്കാറില്ല. എനിക്ക് മുന്നേ ഇറങ്ങി പോയ സഹോദരിമാരുണ്ട്. അമ്മയില്‍ നിന്ന് ഇറങ്ങിപോയപ്പോള്‍ സുരേഷ് ഗോപിയുടെ കോള്‍ വന്നു. അപ്രതീക്ഷിതമായിരുന്നു ആ കോള്‍. പല കാരണങ്ങള്‍ കൊണ്ടും അമ്മ സംഘടനയോട് നാളുകളോളം സഹകരിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുത്ത കാലത്താണ് സഹകരിക്കാന്‍ തുടങ്ങിയത്.

അദ്ദേഹമാണ് എന്നെ ആദ്യം വിളിക്കുന്നത്, രാജി വെയ്ക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരുപാട് കാലം മാറി നിന്ന ഒരു മനുഷ്യന്‍ മാത്രമെ എന്നെ തിരിച്ചു വിളിക്കാനുള്ളു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്”- ഹരീഷ് പേരടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button