കൊച്ചി: ദിലീപിന്‍റെ (Dileep) ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി (Trial Court) രേഖകളും. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ (Sai Shanker) മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.
സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.