KeralaNews

ഗുരുവായൂരിൽ വഴിപാടായി നൽകിയ ‘ഥാറി’ന്റെ ലേലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ ഥാർ എന്ന വാഹനത്തിന്റെ ലേലം നിയമപരമല്ലെന്നും ലേലം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയിൽ ഹർജി നൽകി.

വാഹന വിലയുൾപ്പെടെയുള്ള വിവരങ്ങളും ലേല നടപടികളുടെ വിശദാംശങ്ങളും അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഡിവിഷൻ ബെഞ്ച് ഹർജി ഫെബ്രുവരി 22-ന് വീണ്ടും പരിഗണിക്കും. ദേവസ്വം നിശ്ചയിച്ച 15 ലക്ഷത്തിനു പുറത്ത് 15.10 ലക്ഷം രൂപയ്ക്ക് സുഭാഷ് പണിക്കർക്കാണ് ലേലം ഉറപ്പിച്ചത്.

ഇതിനിടെ കൊച്ചി സ്വദേശിയായ അമൽ മുഹമ്മദ് അലിക്കു വേണ്ടിയാണ് സുഭാഷ് വാഹനം ലേലത്തിൽ പിടിച്ചതെന്ന വാർത്ത പുറത്തുവന്നെന്നും 15.90 ലക്ഷം രൂപ വിലയുള്ള വാഹനം മാർക്കറ്റ് വിലയെക്കാൾ താഴ്ന്ന തുകയ്ക്കാണ് ലേലത്തിൽ നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഗുരുവായൂർ ദേവസ്വം ചട്ടപ്രകാരം 5000 രൂപയിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾ ലേലം ചെയ്യണമെങ്കിൽ ദേവസ്വം കമ്മിഷണറുടെ മുൻകൂർ അനുമതി വേണം. ഇതുണ്ടായില്ലെന്നും ലേലം നടത്താൻ തീരുമാനിക്കാൻ അഡ്മിനിസ്ട്രേറ്റർക്കല്ല, മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്നും ഹർജിക്കാർ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button