NationalNews

ഗുൽമാര്‍ഗ് ഭീകരാക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്;ജമ്മു കശ്മീര്‍ അതീവ ജാഗ്രതയില്‍

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം  ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തു. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനായി കൂടുതൽ സൈനികരെ വനമേഖലയിലേക്ക് എത്തിച്ചു.

ബാരാമുള്ളയിൽ നിയന്ത്രണരേഖയോട് ചേർന്നാണ് കരസേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ ആക്രമണം നടത്തിയത്. രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടു. മറ്റ് രണ്ട് സൈനികർക്ക് പരുക്കേറ്റു.   സൈന്യം ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കരസേനയുടെ വാഹനവ്യൂഹത്തിനുനേരെ ഭീകരർ വെടിയുർത്തതായി ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു.

നിയന്ത്രണരേഖയോട് തൊട്ടുചേർന്ന് നാഗിൻ പോസ്റ്റിനുസമീപമാണ് ആക്രമണമുണ്ടായത്. ഇന്നത്തെ രണ്ടാമത്തെയും ഈയാഴ്ചയിലെ നാലാമത്തെയും ഭീകരാക്രമണമാണിത്. ഇന്ന് രാവിലെ പുല്‍വാമയിലെ ത്രാലില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള അതിഥി തൊഴിലാളിക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റ തൊഴിലാളി ചികിൽസയിലാണ്. ഒരാഴ്ചയ്ക്കിടെ അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഭീകരാക്രമണമാണിത്.

അതിനിടെ ഗന്ദേര്‍ബാലില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. എകെ 47 തോക്കിന് പുറമെ അമേരിക്കന്‍ നിര്‍മിത M4 റൈഫിളും ഭീകരര്‍ ഉപയോഗിച്ചെന്ന് വ്യക്തമായി. ഷോപ്പിയാനിൽ കഴിഞ്ഞ വെള്ളിയാഴ്ച ബിഹാറിൽനിന്നുള്ള ഒരു തൊഴിലാളിയെയും ഭീകരർ വെടിവച്ചുകൊന്നിരുന്നു.

തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉന്നതലയോഗം വിളിച്ചു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍, കോര്‍പ്സ് കമാന്‍ഡര്‍മാര്‍, ജമ്മു കശ്മീര്‍ ഡിജിപി, ഐബിയിലെയും അര്‍ധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പോലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker