റിയാദ്:രാജ്യാന്തര വിമാനങ്ങള്‍ വിലക്കിയും കര, നാവിക, വ്യോമാതിര്‍ത്തികള്‍ അടച്ചും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ തീരുമാനം.
നിലവില്‍ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കില്‍ നീട്ടുമെന്നും സൗദി വാര്‍ത്ത ഏജന്‍സി അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ വിമാനങ്ങള്‍ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ സൗദിയിലുള്ള വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരെ പോകാന്‍ അനുവദിക്കുമെന്നും യാത്രാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന ബ്രിട്ടന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പല യുറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സൗദിയുടെ തീരുമാനം. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനു ശേഷം (ഡിസംബര്‍ 8ന് ശേഷം) യൂറോപ്പില്‍നിന്ന് സൗദിയില്‍ എത്തിയവര്‍ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും ഭരണകൂടം അറിയിച്ചതായി വാര്‍ത്ത ഏജന്‍സി പറഞ്ഞു. സൗദിക്കു പിന്നാലെ കുവൈത്തിലും ബ്രിട്ടനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതെ സമയം കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് ഒമാന്‍ പിന്‍വലിച്ചിട്ടുണ്ട്.72 മണിക്കൂര്‍ മുമ്പെടുത്ത സാധുതയുള്ള കൊവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്രക്കാര്‍ വിമനത്താവളങ്ങളിലെത്താനെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.omanairports.co.om/news/update-on-travel-restrictions-related-to-covid-19/