ഗാന്ധിനഗര്‍: മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന വിചിത്ര തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുനിസിപ്പാലിറ്റിക്കുള്ളിലുമാണ് നിയമം ബാധകമാകുക. എന്നാല്‍ നഗരത്തിനു പുറത്തുപോകുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഗ്രാമപ്രദേശത്തെ റോഡുകളിലും സംസ്ഥാന, ദേശീയ ഹൈവേകളിലും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. അപകട മരണം ഒഴിവാക്കുന്നതിനാണ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ആളുകള്‍ നിരന്തരം പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മാറി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മന്ത്രി ആര്‍ സി ഫാല്‍ഡു പറഞ്ഞു.
ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് എവിടെ വെക്കും? മന്ത്രി ചോദിക്കുന്നു. നഗരങ്ങളില്‍ ആളുകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നില്ലെന്നും മന്ത്രി പറയുന്നു. മോട്ടോര്‍ വാഹന നിയമത്തില്‍ പറഞ്ഞിരിക്കുന്ന പിഴ തുക കുറച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ രണ്ട് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
അതേസമയം ഇരു ചക്രവാഹനത്തില്‍ യാത്രചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കി തുടങ്ങി.