KeralaNews

രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നു, പത്തിലേറെ കേസുകളുണ്ട്’; ഗുജറാത്ത് ഹൈക്കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പത്തോളം അപകീര്‍ത്തി കേസുകള്‍ നിലവിലുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ സിജെഎം കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഈ പത്ത് കേസുകള്‍ കൂടി കോടതി സൂചിപ്പിച്ചത്.

രാഹുല്‍ സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നതായും ഹൈക്കോടതി അപ്പീൽ തളളിക്കൊണ്ടുളള വിധിയിൽ പറഞ്ഞു. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് രാഹുലിനെതിരായ കോടതി നിരീക്ഷണം

ആ പത്ത് കേസുകള്‍

2014 മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിലാണ് ആദ്യത്തെ കേസ്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാര്‍ ആണെന്ന് താനെയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തില്‍ ആര്‍എസ് എസ് നേതാവ് രാജേഷ് കുന്ദെയാണ് പരാതി നല്‍കിയത്.

2015 ഡിസംബറിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അസമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാര്‍പേട്ട സത്ര ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ ആര്‍എസ്എസുകാര്‍, തന്നെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി തടഞ്ഞെന്നായിരുന്നു പരാമര്‍ശം. സംഭവത്തില്‍ രാഹുല്‍ ഗാന്ധി സ്ത്രീ ഭക്തരെ അപമാനിച്ചുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഞ്ജന്‍ ബോറ നല്‍കിയ പരാതിയില്‍ കേസെടുക്കുകയായിരുന്നു.

സെപ്റ്റംബർ 2017 ല്‍ ഗൗരി ലങ്കേഷ് വധത്തെ തുടര്‍ന്ന് നടത്തിയ ട്വീറ്റിലാണ് മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ സംസാരിക്കുന്നവര്‍ മര്‍ദ്ദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുവെന്ന പരാമര്‍ശത്തിനായിരുന്നു കേസ്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സിപിഐഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെയും കേസെടുത്തിരുന്നു.

2018 ആഗസ്റ്റ് മാസത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് നാലാമത്തെ കേസെടുത്തത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധി നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്. അന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്നു അമിത് ഷാ. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം 750 കോടി രൂപ വെളുപ്പിച്ചെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബാങ്ക് ചെയര്‍മാന്‍ അജയ് പട്ടേല്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ അഹമ്മദാബാദ് കോടതി ജൂലൈ 2019 ല്‍ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

ഇതേവര്‍ഷം സെപ്റ്റംബറില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ മഹേഷ് ശ്രീശ്രീമൽ ആണ് ഈ കേസിലെ പരാതിക്കാരൻ.

2019 ഏപ്രില്‍ മാസത്തില്‍ ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന് രാഹുൽ ​ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരേയും കേസ് ഉണ്ട്. ബിജെപി പ്രവര്‍ത്തകന്‍ കൃഷ്ണവദന്‍ ബ്രഹ്‌മഭട്ടായിരുന്നു പരാതിക്കാരന്‍. ഈ കേസില്‍ 2022 ഫെബ്രുവരി 22 ന് ഗുജറാത്ത് ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

നവംബര്‍ 2022 ഭാരത് ജോഡോ യാത്രയിലെ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലും കേസെടുത്തിരുന്നു. സ്വാതന്ത്ര്യ സമര പോരാളികളെ സവര്‍ക്കര്‍ ഒറ്റിക്കൊടുത്തുവെന്നായിരുന്നു പരാമര്‍ശം. സവര്‍ക്കറുടെ കൊച്ചുമകന്‍ വിനായക് സവര്‍ക്കറാണ് പരാതിക്കാരന്‍

എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന കുടുംബപേരാണെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 ല്‍ കര്‍ണാടകയിലെ കോലോറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമര്‍ശം. ബിജെപിയുടെ സൂറത്ത് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് ആദ്യത്തെ കേസ്. ഈ കേസിൽ സൂറത്ത് കോടതി രാഹുൽ ​ഗാന്ധിക്ക് രണ്ടു വർഷം തടവ് ശിക്ഷ വി​ധിച്ചിരുന്നു.

മോദി പരാമർശത്തിൽ അഭിഭാഷകനായ പ്രദീപ് മോദി നൽകിയ അപകീർത്തിക്കേസാണ് മറ്റൊന്ന്. റാഞ്ചിയിലെ പ്രാദേശിക കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്. ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാഹുൽ ​ഗാന്ധിക്കെതിരെ നൽകിയ കേസാണ് മറ്റൊന്ന്. മോദി എന്ന കുടുംബപ്പേരുളള എല്ലാവരേയും രാഹുൽ ​ഗാന്ധി അപമാനിച്ചെന്ന് സുശീൽ കുമാർ മോദി പരാതിയിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button