28.3 C
Kottayam
Sunday, May 5, 2024

പടിയ്ക്കല്‍ കലമുടച്ച് സഞ്ജുവും പിള്ളേരും,രാജസ്ഥാന് സീസണിലെ ആദ്യ തോല്‍വി

Must read

ജയ്പുര്‍: കൈവിട്ടെന്ന് കരുതിയ കളി അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനമായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ മൂന്നിന് 196, ഗുജറാത്ത് 20 ഓവറില്‍ ഏഴിന് 199.

12 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കേ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സും അടിച്ചെടുത്ത രാഹുല്‍ തെവാട്ടിയ – റാഷിദ് ഖാന്‍ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത തെവാട്ടിയ അവസാന ഓവറില്‍ റണ്ണൗട്ടായെങ്കിലും 11 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത റാഷിദ് അവസാന പന്തില്‍ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

44 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്ത് ഇന്നിങ്‌സിന്റെ നട്ടെല്ല്.

197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഗുജറാത്തിന്റേത്. ഗില്ലും സായ് സുദര്‍ശനും നിലയുറപ്പിച്ച് ബാറ്റ് ചെയ്തതോടെ ഓപ്പണിങ് വിക്കറ്റില്‍ 64 റണ്‍സ് ഗുജറാത്ത് സ്‌കോറിലെത്തി. അഞ്ചു ബൗളര്‍മാരെ പരീക്ഷിച്ച ശേഷം ഒമ്പതാം ഓവറില്‍ കുല്‍ദീപ് സെന്നിനെ കൊണ്ടുവന്ന സഞ്ജുവിന്റെ തീരുമാനം ഫലം കണ്ടു. 29 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 35 റണ്‍സെടുത്ത സായ് സുദര്‍ശന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്ത്.

ഇതിനിടെ മഴയെത്തിയതോടെ മത്സരം കുറച്ചുസമയം തടസപ്പെട്ടു. മഴമാറി അടുത്ത ഓവറില്‍ മാത്യു വെയ്ഡിനെയും (4), അഭിനവ് മനോഹറിനെയും (1) മടക്കിയ കുല്‍ദീപ് കളി രാജസ്ഥാന് അനുകൂലമാക്കി. തുടര്‍ന്നെത്തിയ വിജയ് ശങ്കറിനും (16) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ഇതിനിടെ ഒറ്റയ്ക്ക് പൊരുതുകയായിരുന്ന ഗില്ലിനെ യുസ്‌വേന്ദ്ര ചെഹല്‍ ബുദ്ധിപരമായി പുറത്താക്കി. തന്നെ കയറിയടിക്കാനുള്ള ഗില്ലിന്റെ തന്ത്രം മനസിലാക്കി വൈഡ് എറിഞ്ഞ ചെഹല്‍ താരത്തെ ബീറ്റണാക്കി. സഞ്ജു ഒട്ടും സമയം കളയാതെ ബെയ്ല്‍സിളക്കുകയും ചെയ്തു.

എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ഷാരൂഖ് ഖാനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാനുവേണ്ടി കുല്‍ദീപ് മൂന്നും ചെഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തിരുന്നു.

മൂന്നാം വിക്കറ്റില്‍ 130 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു – പരാഗ് സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. തുടക്കത്തില്‍ വേഗം കുറഞ്ഞ, ഒന്നാം ഇന്നിങ്സ് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ റാഷിദ് ഖാന്‍ അടക്കമുള്ള ബൗളര്‍മാരെ അര്‍ഹിച്ച ബഹുമാനത്തോടെ കളിച്ച ഇരുവരും പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ഇരുവരും പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശി.

48 പന്തില്‍ നിന്ന് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 76 റണ്‍സെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 38 പന്തുകള്‍ നേരിട്ട സഞ്ജു രണ്ട് സിക്സും ഏഴ് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. സീസണില്‍ ഇരുവരുടെയും മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്മയെര്‍ 13 റണ്‍സെടുത്തു.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച തുടക്കം ലഭിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് പക്ഷേ അത് നല്ല സ്‌കോറിലേക്കെത്തിക്കാനായില്ല. 19 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 24 റണ്‍സെടുത്ത താരം അഞ്ചാം ഓവറില്‍ മടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലേക്ക് തിരികെയെത്തിയ ജോസ് ബട്ട്ലര്‍ക്ക് പക്ഷേ എട്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week