കൊച്ചി:വ്യാജരേഖയുണ്ടാക്കി പന്ത്രണ്ട് കോടിയുടെ നികുതി വെട്ടിച്ച കേസില്‍ രണ്ടു പേരെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ സ്വദേശികളായ അസറലി, റിന്‍ഷാദ് എന്നിവരാണ് പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ആക്രി സാധനങ്ങളുടെ ഇറക്കുമതിയും വില്‍പ്പനയും നടത്തിയെന്ന വ്യാജ ഇന്‍വോയ്സും ബില്ലുകളും നിര്‍മ്മിച്ച് നികുതി വെട്ടിപ്പ് ശൃംഖലയുണ്ടാക്കിയാണ് പ്രതികള്‍ പന്ത്രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്.സംസ്ഥാന ജിഎസ്ടി യുടെ കോട്ടയം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.കഴിഞ്ഞ ജൂണില്‍ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു.
നിരവധി തവണ ഹാജരാകാനായി സമന്‍സയച്ചിരുന്നെങ്കിലും രണ്ടുപേരും ഹാജരായിരുന്നില്ല.
ഇതിനിടെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയത്.
അഞ്ചുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് ജി എസ് ടി വിഭാഗം അറിയിച്ചു.
നികുതി വെട്ടിപ്പില്‍ പ്രതികളുടെ മറ്റു പങ്കാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.