ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങി ഒരാഴ്ചയാകുമ്പോൾ ഗാസയിൽ കരയുദ്ധത്തിന് തയാറെടുക്കുകയാണ് ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ നിന്ന് 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ അന്ത്യശാസനം. എന്നാൽ ഒഴിപ്പിക്കൽ പ്രായോഗികമല്ലെന്ന് യുഎൻ അറിയിച്ചു. വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഇന്ന് ഹമാസ് അറിയിച്ചു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 4200 കടന്നു.
ഗാസ നഗരത്തില്‍ ഉൾപ്പടെ ശക്തമായ നടപടി ഉടനുണ്ടാകുമെന്നാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്. ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ട് മാറ്റണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. എന്നാൽ, പതിനൊന്ന് ലക്ഷം പേരെ ഉടൻ ഒഴിപ്പിക്കുക എന്നത് പ്രായോഗികമല്ലെന്ന് യു എന്‍ അറിയിച്ചു.
ഇസ്രയേലിന്‍റേത് പരിഭാന്ത്രി പരത്തുന്ന മാനസിക യുദ്ധമാണെന്നും ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗാസക്ക് നേരെ ആക്രമണം തുടർന്നാൽ യുദ്ധമുന്നണിക്ക് രൂപം നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഗാസയിൽ റോക്കറ്റാക്രമണം തുടരുകയാണ്. ഹമാസ് കമാൻഡോ ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്ന് ദേശീയ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്രയേൽ റോക്കറ്റാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്.
150ലധികം ബന്ദികളുടെ മോചനത്തിന് ശ്രമം നടക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ഗാസ അതിർത്തിയിലെ സൂഫ ഔട്ട് പോസ്റ്റിൽ നിന്ന് 250 ബന്ദികളെ മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍ ഹമാസും ശക്തമായ റോക്കറ്റ് ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ കുടിയേറ്റ നഗരമായ അഷ്‌കലോണിലും ഹമാസ് റോക്കറ്റ് വര്‍ഷിച്ചു.
ഇസ്രയേലിലെത്തിയ യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ യുദ്ധസാഹചര്യം വിലയിരുത്തി. ഇസ്രയലിന് കൂടുതൽ സഹായം നൽകുമെന്ന് ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ ജോര്‍ദാനിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. അതിനിടെ ഇസ്രയേലിന് സൈനിക സഹായവുമായി ബ്രിട്ടനുമെത്തി. ബ്രിട്ടീഷ് പടക്കപ്പലുകൾ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങി. പോർവിമാനങ്ങളും അയച്ചിട്ടുണ്ട്.
ലെബനന്‍ അതിര്‍ത്തിയിലും യുദ്ധഭീതി പടരുകയാണ്. ഹിസ്‌ബൊള്ളയും ഇസ്രയേൽ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഹിസ്‌ബൊള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി.