FootballNewsSports

ഗോള്‍ഡൻ ബോള്‍ പോരാട്ടത്തില്‍ മെസിക്കൊപ്പം ഗ്രീസ്‌മാനും,അതും ഗോളില്ലാതെ

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ സ്വർണപ്പന്ത് പോരാട്ടത്തിലേക്ക് ലിയോണല്‍ മെസിക്കൊപ്പം പേര് ചേർത്ത് അന്‍റോയിന്‍ ഗ്രീസ്‌മാനും. ഗോളടിപ്പിച്ചും ഗോളവസരം ഉണ്ടാക്കിയുമാണ് ഗോള്‍ഡൻ ബോളിനായി ഗ്രീസ്‌മാന്‍റെ അവകാശവാദം.

മുൻനിര മുതൽ പ്രതിരോധം വരെ, പ്ലാറ്റീനിയും സിദാനും സമ്മേളിച്ച പ്ലേ മേക്കർ എന്നാണ് ഗ്രീസ്‌മാൻ എന്ന പടനായകന് ഫ്രഞ്ച് മുൻ താരം ക്രിസ്റ്റഡി ഗുഡാരി നൽകിയ വിശേഷണം. ഫ്രാൻസിന് വേണ്ടി ഗോളടിക്കുന്നത് എംബാപ്പയും ജിറൂദുമാകാം. പക്ഷേ ഗോളിലേക്ക് വഴിയൊരുക്കുന്നത് ഗ്രീസ്‌മാനാണ്. പറന്നുകളിക്കുന്ന ഗ്രീസ്‌മാൻ.

ബോളെത്തുന്നിടത്തെല്ലാം നിഴല്‍ പോലെയുണ്ടാകും. കഴിഞ്ഞ ലോകകപ്പിൽ കാന്‍റേയും പോഗ്ബയും ചെയ്‌ത പണി ഇത്തവണ ഒറ്റയ്ക്ക് ഗ്രീസ്‌മാന്‍ ചെയ്യുന്നു. സ്ട്രൈക്കറുടെ റോളിൽ നിന്ന് മധ്യനിരയിലേക്ക് പിൻവാങ്ങിയുള്ള കുതിപ്പാണ് ഗ്രീസ്‌മാന്‍ നടത്തുന്നത്. മെസിക്കൊപ്പം ഗോൾഡൻ ബോളിനായി ഗ്രീസ്‌മാന്‍ ശക്തമായി മത്സരരംഗത്തുണ്ട്. ഖത്തര്‍ ലോകകപ്പില്‍ ഇരുവർക്കും മൂന്ന് അസിസ്റ്റ് വീതമാണുള്ളത്. 

ഗോളടിച്ചില്ലെങ്കിലും അടിപ്പിക്കുന്നതിൽ കേമനാണ് ഗ്രീസ്‌മാന്‍. ഗോളവസരമുണ്ടാക്കുന്നതിൽ അതിലേറെ മികവ്. മെസി ഇതുവരെ 18 ഗോളവസരം സൃഷ്ടിച്ചെങ്കിൽ ഗ്രീസ്‌മാൻ 21 എണ്ണമുണ്ടാക്കി. മറ്റുള്ള കണക്കുകൾ ഇങ്ങനെ… കിലിയൻ എംബപ്പെ 11, ഉസ്മാൻ ഡെംബെലെ 11, തിയോ ഹെർണണ്ടസ് 10.

മാധ്യമ പ്രവർത്തകരും ഫിഫ ടെക്നിക്കൽ കമ്മറ്റിയും ചേർന്നാണ് വോട്ടെടുപ്പിലൂടെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ മെസിയും എംബാപ്പെയും വരുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഒരു ഗോള്‍ പോലും അടിക്കാതെ ഗ്രീസ്‌മാന്‍റെ അവകാശവാദമുന്നയിക്കൽ. ഞായറാഴ്‌ചത്തെ കളിയിലറിയാം സ്വർണപ്പന്ത് കാലുകൊണ്ട് കയ്യിലെടുക്കുക മെസിയോ ഗ്രീസ്‌മാനോ എന്ന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button