തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാര്‍ഥികള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ല. സര്‍വകലാശാലകളില്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വിദ്യാര്‍ഥികള്‍ പഠിച്ച ശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. സിലബസ് വിവാദത്തില്‍ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും നമുക്ക് പരിശോധിക്കേണ്ടി വരും. എന്നാല്‍ അതിനെ മഹത്വവത്കരിക്കാതിരുന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നേരത്തേ, സര്‍വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ തീംസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് വിഡി സവര്‍ക്കറുടെ ഹിന്ദുത്വ ആശയവും ഗോള്‍വാക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സും പ്രത്യേകം ഇടം പിടിച്ചത്. ഗാന്ധിയന്‍ ചിന്താ പദ്ധതികളായ സത്യഗ്രഹം, അഹിംസ, ട്രസ്റ്റിഷിപ്പ്, പഞ്ചായത്തിരാജ് എന്നിവയെക്കുറിച്ചോ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സെക്കുലറിസത്തെക്കുറിച്ചോ സിലബസില്‍ പരാമര്‍ശം പോലുമില്ല.
രാജാറാം മോഹന്‍ റോയ് സ്ത്രീസ്വാതന്ത്യത്തിനുവേണ്ടി നടത്തിയ ഇടപെടലുകളോ സ്വാമി വിവേകാനന്ദന്റെ സാര്‍വദേശീയമതമോ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളോ ജയപ്രകാശ് നാരയണന്റെ സമ്പൂര്‍ണ വിപ്ലവമെന്ന ആശയമോ ഒന്നും സിലബസില്‍ പ്രതിപാദിക്കുന്നില്ല. ഓഗസ്റ്റ്17ന് പുറത്തിറങ്ങുന്ന സിലബസിലാണ് മാറ്റങ്ങള്‍ വരുത്തിയത്.