Home-bannerKeralaNews

‘സംഘിയെന്ന് വിളിച്ചോട്ടെ, മുഖ്യമന്ത്രിക്ക് സർവകലാശാലയിൽ എന്ത് കാര്യം?പിടിവിടാതെ ഗവര്‍ണര്‍

തിരുവനന്തപുരം:സര്‍വകലാശാലാ വിവാദത്തില്‍ അണുവിടപോലും അയയാതെ ഗവര്‍ണര്‍ . സര്‍വ്വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്ന് ഗവര്‍ണര്‍ ചോദിക്കുന്നു. തന്നെ സംഘി എന്നു വിളിക്കുന്നവര്‍ വിളിക്കട്ടെ. വിസി നിയമനത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ് പറഞ്ഞു.സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചത്.

ചാന്‍സലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കിയതോടെ
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവന്‍ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവന്‍ ഉദ്യാഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലില്‍ തന്റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവര്‍ണറുടെ പരാമര്‍ശവും വിവാദമായി.

എട്ടാം തീയതിയാണ് ചാന്‍സിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാന്‍സിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് .ഇതോടെ പ്രശ്‌നപരിഹാരം നീളുകയാണ്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാന്‍സിലറായ ഗവര്‍ണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല.

ഇതിനിടയിലാണ് ഉന്നതവിദ്യാഭ്യസ മന്ത്രിക്കെതിരായ ഗവര്‍ണ്ണറുടെ പരാമര്‍ശം വിവാദത്തിലായത്.കണ്ണൂര്‍ വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ നോമിനിയെ ഗവര്‍ണറുടെ നോമിനിയായി അവതരിപ്പിക്കണമെന്ന് സെര്‍ച്ച് കമ്മിറ്റിയില്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് ആരോപണം.

നേരത്തെ കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്നും മന്ത്രി രാജി വയ്ക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിസിക്ക് പുനര്‍ നിയമനം നല്‍കാന്‍ മന്ത്രിയാണ് ആവശ്യപ്പെട്ടതെങ്കില്‍ അത് സത്യപ്രതിജ്ഞാ ലംഘനമായി മാറി മന്ത്രിക്ക് തന്നെ കുരുക്കാകാനും സാധ്യതയുണ്ട്.

ഗവര്‍ണറുടെ ആരോപണത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടിയുമായി മുഖ്യമന്ത്രിയും എത്തിയതോടെ സര്‍വകലാശാല വിസി നിയമനത്തില്‍ പോരു കടുക്കുകയാണ്. കാലടി വിസി നിയമനത്തില്‍ സര്‍വകലാശാല ചട്ടം മറയാക്കി ഇഷ്ടക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഗവര്‍ണറെ ഏറ്റവുമൊടുവില്‍ പ്രകോപിച്ചതെന്നാണ് സൂചന. എന്നാല്‍ ഒരാളുടെ പേരു പറയാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ മറുപടി സാങ്കേതികമായി മാത്രമാണെന്നും വിലയിരുത്തലുണ്ട്.

വൈസ് ചാന്‍സലറെ കണ്ടെത്താനായി സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയ്ക്ക് 2 മാസമാണ് കാലാവധി. ഈ കാലാവധിക്കുളളില്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് ഗവര്‍ണറുമായി ആലോചിച്ച് ഇഷ്ടമുളളയാളെ നിയമിക്കാം എന്നാണ് കാലടി സര്‍വകലാശാല ചട്ടം. ഇതിന്റെ മറ പിടിച്ച് സെര്‍ച്ച് കമ്മിറ്റിയുടെ നടപടികള്‍ പ്രഹസനമാക്കിയെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിമര്‍ശനമെന്നാണ് സൂചന.

ഏഴുപേരെ അഭിമുഖത്തിന് വിളിച്ച സേര്‍ച്ച് കമ്മിറ്റിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ഗീതാകുമാരിയുടെ പേരാണ് യുജിസി പ്രതിനിധി മുന്നോട്ട് വെച്ചത്. സംസ്‌കൃത പ്രാവീണ്യമുണ്ടെന്നായിരുന്നു പ്ലസ് പോയിന്റ്. മൂന്നു പേരുടെ പാനലുണ്ടാക്കി സേര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ക്ക് പട്ടിക സമര്‍പ്പിക്കണമെന്നാണ് യുജിസി ചട്ടം. എന്നാല്‍ ഗീതാ കുമാരിക്ക് ബിജെപി ബന്ധമുണ്ടെന്ന കാരണത്താല്‍ പാനല്‍ ലിസ്റ്റുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെയാണ് എം വി നാരാണന്റെ പേര് മാത്രം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചത്.

ഇത്തരം ഘട്ടങ്ങളില്‍ ഗവര്‍ണറുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്ന സര്‍വകലാശാല ചട്ടം തന്നെയായിരുന്നു സര്‍ക്കാരിന്റെ തുറുപ്പു ചീട്ട്.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റി ചേര്‍ന്നെന്നും അഭിമുഖം നടത്തിയെന്നും അറിഞ്ഞതോടെയാണ് ഗവര്‍ണര്‍ ഇടഞ്ഞതെന്നാണ് സൂചന. സംസ്‌കൃത സര്‍വകലാശാലയുടെ തലപ്പത്ത് സംസ്‌കൃത പ്രാവീണ്യമുളളയാള്‍ വരണമെന്നായിരുന്നു ഗവര്‍ണര്‍ക്കും താത്പര്യം. ഇതാണ് കത്തെഴുത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button