തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ നാളെ ചേരാനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം നടക്കില്ല. സർക്കാർ നല്‍കിയ വിശദീകരണം ഗവർണര്‍ തള്ളി. നിയമസഭ നേരത്തെ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്ന് അറിയിച്ച ഗവർണർ അനുമതി നിഷേധിച്ചു.
നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിന് വേണ്ടിയാണ് ബുധനാഴ്ച ഒരു മണിക്കൂറാണ് നിയമസഭ പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനുമാണ് ആലോചനയുണ്ടായിരുന്നു. രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന കര്‍ഷക സമരത്തോട് ഒപ്പമാണ് കേരളത്തിന്‍റെ നിലപാട്. ഇതിന്റെ ഭാഗമായിക്കൂടിയാണ് ഭരണ പ്രതിപക്ഷങ്ങൾ സംയുക്തമായി കാര്‍ഷിക നിയമ ഭേദഗതി തള്ളാൻ തീരുമാനം എടുത്തിട്ടുള്ളത്.,/p>
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കര്‍ഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂര്‍ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.,/p>
സമ്മേളനം വിളിച്ചു കൂട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി. കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പ്രധാനമായും രാജ്ഭവൻ ചോദിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവര്‍ണര്‍ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാര്‍ നേരിട്ട് രാജ്ഭവനിലെത്തുകയും കാര്‍ഷിക ബിൽ കേരളത്തിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.
കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാൻ അനുമതി നിഷേധിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അസാധാരണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍. ഇക്കാര്യത്തിലെ തുടര്‍ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള മന്ത്രിസഭയുടെ ശുപാർശ നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം. ബിജെപിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഏതു വിഷയം ചർച്ച ചെയ്യണമെന്നതും അടിയന്തര സ്വഭാവം ഉണ്ടോയെന്നു തീരുമാനിക്കേണ്ടതും ഗവർണർ അല്ല മന്ത്രിസഭയാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് പ്രതികരിച്ചു.
മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. ഇത് അസാധാരണ സാഹചര്യം ആണ്. നിയമപരമായ വശങ്ങൾ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരൂമാനം എടുക്കണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രതിപക്ഷ നീക്കം എങ്ങനെ വേണമെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെസി ജോസഫ് പ്രതികരിച്ചു.
സര്‍ക്കാരിന് മുന്നിൽ ഗവര്‍ണരുടെ നിലപാട് ഭരണഘടനാ പ്രതിസന്ധി കൂടിയായി മാറിയ സാഹചര്യത്തിലാണ് ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തുന്നത്. നിയമസഭയുടെ താഴത്തെ ഹാളിൽ എംഎൽഎമാര്‍ യോഗം ചേർന്ന് പ്രമേയം പാസാക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. എംഎൽഎമാര്‍ അടക്കമുള്ളവര്‍ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അനുമതി ഇല്ലാതെ സമ്മേളനം ചേരാൻ കഴിയാത്ത സാഹചര്യം സംജാതമായിരിയ്ക്കുന്നത്.