തിരുവനന്തപുരം: എസ്.എഫ്.ഐ. എല്ലാ വിദ്യാർഥികളേയും പ്രതിനീധികരിക്കുന്ന സംഘടന അല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണെന്നും മാധ്യമങ്ങൾ ചോദ്യങ്ങൾ വഴിതിരിച്ചുവിടുന്നുവെന്നും പറഞ്ഞ് ക്ഷുഭിതനായിക്കൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സി.പി.എം. പ്രവർത്തകരുടെ നിയമനത്തിൽ കോഴിക്കോട് വെച്ച് പലരും തന്നോട് പരാതിപ്പെട്ടുവെന്ന് പറഞ്ഞ ഗവർണർ, സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ‘എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ല. വർധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞത്’, ഗവർണർ പറഞ്ഞു.
അതേസമയം, എസ്.എഫ്.ഐയുടെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ വിവിധയിടങ്ങളിൽ വെച്ച് ഗവർണക്ക് എസ്.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പാറ്റൂരിനും ജനറൽ ആശുപത്രിക്കും ഇടയിൽ, ജനൽ ആശുപത്രി ജംങ്ഷനിൽ, എകെജി സെന്ററിന്റെ മുൻവശത്ത് വെച്ചും ഗവർണർക്ക് കരിങ്കൊടി കാണിച്ചു. സുരക്ഷ കണക്കിലെടുത്ത് ഗവർണറുടെ റൂട്ട് വഴിതിരിച്ചുവിട്ടു. പാളയത്ത് വെച്ചും എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധിച്ചു.