കോട്ടയം: കേരള ലോട്ടറിയുടെ വില 40 രൂപയില്‍നിന്ന് 50 രൂപയാക്കാന്‍ സര്‍ക്കാര്‍ നീക്കം. അടുത്ത മാസം ആദ്യം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വില വര്‍ധന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൊവിഡിന്റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതല്‍ വഷളായ സംസ്ഥാന സര്‍ക്കാര്‍ വരുമാന വര്‍ധനവിന്റെ ഭാഗമായിട്ടാണ് ലോട്ടറിയുടെ വില വര്‍ധിപ്പിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു ധനവകുപ്പ്.
എന്നാല്‍, ലോട്ടറി വില വര്‍ധിപ്പിക്കുന്ന ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. ഒരു കാരണവശാലും ടിക്കറ്റ് തുക വര്‍ധിപ്പിക്കരുതെന്നാണ് എല്ലാ തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. എന്നാല്‍, ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി സമ്മാന ഘടനയില്‍ മാറ്റം വരുത്തുമെന്നാണ് സര്‍ക്കാരിന്റെ വാദം.
വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോട്ടറി ബന്ദ് ഉള്‍പ്പെടെയുള്ള അനിശ്ചിത കാല സമരം ആരംഭിക്കാന്‍ ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന കന്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഒന്നാം ഘട്ടമായി കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു.
30 രൂപയായിരുന്ന ടിക്കറ്റിന്റെ വില 40 രൂപയായി ഇടതു സര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ ഓഫീസുകളില്‍ ദിവസേന ലക്ഷകണക്കിനു ടിക്കറ്റുകള്‍ മിച്ചം വരുകയും വില്‍പ്പന തൊഴിലാളികളുടെ കൈയില്‍ ടിക്കറ്റുകള്‍ വിറ്റുപോകാതെ യാതൊരു വരുമാനവും ഇല്ലാത്ത സാഹചര്യമാണ്. ഭിന്നശേഷി ക്കാരും രോഗികളുമായ ലക്ഷ കണക്കിനു തൊഴിലാളികളുടെ ഏക ജീവിത മാര്‍ഗമായ ലോട്ടറിവില്‍പന പ്രതിസന്ധിയിലാകുന്നതോടെ മുന്പ് ലോട്ടറി നിരോധനം ഉണ്ടായപ്പോള്‍ നിരവധി തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത സാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്നു യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം പന്ത്രണ്ടായിരം കോടി വരെ വിറ്റുവരവ് ഉണ്ടായിരുന്ന ലോട്ടറി മേഖല ഇപ്പോള്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണനിയന്ത്രണത്തില്‍ ആയതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ലോട്ടറി മേഖല കൈവശം ആക്കുവാന്‍ ശ്രമിക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയാകളും ലോട്ടറി വകുപ്പിലെ ഉന്നതരും ചേര്‍ന്ന ഗൂഢാലോചനയാണ് വില വര്‍ധനവിനു പിന്നിലെന്നും ഒരു കാരണവശാലം വില വര്‍ധനവ് അംഗീകരിക്കില്ലെന്നും കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.