തിരുവനന്തപുരം: ഹയർ സെക്കൻഡറി (higher secondary first year) ഒന്നാം വർഷ പ്രവേശനത്തിനു നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് (SSLC Certificate) മതിയെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്തു വില്ലേജ് ഓഫിസുകളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ. പ്ലസ് വൺ പ്രവേശനത്തിന്റെ ആവശ്യത്തിനെന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന വില്ലേജ് ഓഫിസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് ഉല്പന്ന സേവനങ്ങളുടെ പ്രചരണ വിപണനത്തിന് നേതൃത്വം നൽകുന്നതിനാവശ്യമായ നൈപുണികൾ വികസിപ്പിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള സാമാന്യമായ അറിവിനോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ്, സോഫ്റ്റ് സ്‌കിൽസ്, ഇന്റർവ്യൂ പരീശീലനം എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 235101, https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.