കൊച്ചി: സ്റ്റുഡന്റ് പോലീസില്‍ മതചിഹ്നം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍. പെണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടേതെന്നും സര്‍ക്കാര്‍ അറിയിച്ചു. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കിയത്. എസ്പിസിയില്‍ അംഗമായ ഒരു കുട്ടി യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് പരാതിക്കാരിയായ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടേയും അഭിപ്രായം കേള്‍ക്കാനും തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി പരാതിക്കാരിയായ കുട്ടിയേയും രക്ഷിതാക്കളേയും കേട്ടിരുന്നു.
തുടര്‍ന്ന് എസ്പിസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിലപാടും ആരാഞ്ഞു. ഇതിനുശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി ആരംഭിച്ചതു മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വേഷമാണ് ഉപയോഗിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വേഷമില്ല.
അച്ചടക്കമുള്ള സേനയായിട്ടാണ് എസ്പിസിയുടെ പ്രവര്‍ത്തനം. മതവിഭാഗത്തിന്റേതായ ഒരു ചിഹ്നവും അനുവദിക്കില്ല. മുമ്പും നിരവധി മുസ്ലിം കുട്ടികള്‍ എസ്പിസി കേഡറ്റുകളായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു ആവശ്യം വന്നിട്ടില്ല. വന്നാല്‍ തന്നെ അച്ചടക്കമുള്ള സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്പിസിയില്‍ അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.