KeralaNews

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസ് പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അപ്പീല്‍ ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെ, തന്റെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തടസഹര്‍ജി സമര്‍പ്പിച്ചു.

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള ശ്രമം കേരള ഹൈക്കോടതിയിലും പാളിയതോടെയാണ് അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. നിയമസഭ സമ്മേളനത്തിനിടെ നടന്ന സംഭവത്തില്‍ കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത് തെറ്റായ നടപടിയാണ്. അതിനാല്‍, കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലെ വാദം.

ഹൈക്കോടതി ഇത്തരം സുപ്രധാന വിഷയങ്ങള്‍ പരിഗണിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പരാതി ഉന്നയിച്ചു. എം.എല്‍.എമാരെന്ന നിലയില്‍ നിയമസഭയില്‍ പ്രതിഷേധം നടത്തുന്നതിന് ഭരണഘടനയുടെ സംരക്ഷണമുണ്ട്. നിയമസഭയുടെ സവിശേഷാധികാരം നിലനിര്‍ത്താനും കൂടിയാണ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ.

സദുദ്യേശത്തോടെയും ബാഹ്യസമ്മര്‍ദ്ദമില്ലാതെയുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിചാരണക്കോടതിയില്‍ പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ചത്. തെളിവുകളുടെ അഭാവം അടക്കം വാദങ്ങള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും പരിഗണിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ആരോപിച്ചു. മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എ കെ. അജിത് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button