സൻഫ്രാൻസിസ്കോ: ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു.
2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴിൽ, ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് ഇല്ലാതാക്കും.
ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത.
കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്നും ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിപി റൂത്ത് ക്രിചെലി പറയുന്നു.
ഘട്ടങ്ങളായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി ഗൂഗിൾ സ്വീകരിക്കുന്നത്. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസെജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം.
രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാർഗം. ഗൂഗിളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലോ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല.