വാഷിങ്ടൺ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
സംഭാവനയിൽ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിൾ ഡോട്ട് ഓർഗിൽ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉൾപ്പെടുന്നു.
‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ചെലവുകൾക്കായി പണം നൽകി സഹായം നൽകും. യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.
ഗൂഗിൾ ജീവനക്കാർ ക്യാമ്പയിനിലൂടെ നൽകിയ സംഭാവനയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിൾ ജീവനക്കാർ സംഭവന ചെയ്തത്. മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കൽ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങൾ എത്തിച്ചു തുടങ്ങി.