ദുബായ്: നടന്‍ ദിലീപിന് യുഎഇ ഭരണകൂടം നല്‍കുന്ന ഗോര്‍ഡന്‍ വിസ ലഭിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കുമായി യുഎഇ ഭരണകൂടം കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ വിസയാണിത്. നേരത്തെ ഒട്ടേറെ മലയാളി സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ദിലീപിന് കഴിഞ്ഞ ദിവസമാണ് വിസ അനുവദിച്ചത്.
പത്ത് വര്‍ഷമാണ് വിസയുടെ കാലാവധി. ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ലാതെ തന്നെ ജോലി ചെയ്യാനും മറ്റു ഇടപാടുകള്‍ നടത്താനും കഴിയും. പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ വിസ പുതുക്കാനും സാധിക്കും. ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് വിസ പുതുക്കു നല്‍കുകയും ചെയ്യും.
വ്യവസായി എംഎ യൂസഫലിക്കാണ് ആദ്യം ഗോള്‍ഡന്‍ വിസ ലഭിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ചാണ് ഗോള്‍ഡന്‍ വിസ കിട്ടിയയത്. മലയാളി നടന്മാരില്‍ ആദ്യം ലഭിച്ചതും ഇവര്‍ക്കായിരുന്നു. പിന്നീട് ഒട്ടേറെ താരങ്ങള്‍ക്ക് ലഭിച്ചു. ഗോള്‍ഡന്‍ വിസ ആദ്യം സ്വന്തമാക്കിയ മലയാളി നടി നൈല ഉഷയായിരുന്നു. പിന്നീട് ശ്വേത മേനോന്‍, മീര ജാസ്മിന്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് ലഭിച്ചു. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, കെഎസ് ചിത്ര, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കു ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭരണകൂടം ഗോള്‍ഡന്‍ വിസ ആരംഭിച്ചത്. ഇവരുടെ കഴിവുകള്‍ യുഎഇക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. പ്രമുഖരുടെ സ്ഥിരം സാന്നിധ്യമാകുന്ന രാജ്യമായി മാറുന്നതോടെ നിക്ഷേപ സൗഹൃദ അന്തരീക്ഷമുണ്ടാകുമെന്നും രാജ്യ പുരോഗതിക്ക് കാരണമാകുമെന്നും യുഎഇ ഭരണകൂടം വിലയിരുത്തുന്നു.
.