മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി ജാഫർ സഹദിൽനിന്ന് 1162 ഗ്രാം സ്വർണം പിടികൂടി. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസിൻ്റെ പിടിയിലായത്.
യുവാവിൽനിന്ന് പിടികൂടിയ മിശ്രിത രൂപത്തിലുള്ള സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേർതിരിച്ചു വരികയാണ്. ഇതിനുശേഷം ആരാണ് കൊടുത്തുവിട്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസ് അന്വേഷണം നടത്തും. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണക്കടത്ത് പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അടുത്തകാലത്ത് വിമാനത്താവളത്തിന് അകത്തും പുറത്തുമായി നടന്ന പരിശോധനകളിൽ കിലോ കണക്കിന് സ്വർണമാണ് പിടികൂടിയത്. ഓരോ തവണയും സ്വർണം പിടികൂടുമ്പോഴും പുതിയ രീതികൾ പരീക്ഷിച്ചാണ് സ്വർണക്കള്ളക്കടുത്ത് സംഘം നീങ്ങുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നാണ് കരിപ്പൂരിലേക്ക് സ്വർണം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചും സ്വർണക്കടത്തിനു ശ്രമം നടന്നു. കസ്റ്റംസ് പരിശോധനയിൽനിന്നു രക്ഷപ്പെട്ട ഇവർ പോലീസിൻ്റെ വലയിൽ കുടുങ്ങുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്തു നിലയുറപ്പിച്ച പോലീസ്.
കാസർകോട് സ്വദേശി ഷഹല (19) ആണ് ആദ്യം പിടിയിലായത്. ഇവരിൽനിന്ന് 1884 ഗ്രാം 24 ക്യാരറ്റ് സ്വർണമാണ് വിമാനത്താവളത്തിനു പുറത്ത് വെച്ചു പോലീസ് പിടിച്ചെടുത്തത്. പിന്നീട്, ദുബായിൽ നിന്ന് സ്വർണമായി എത്തിയ സുൽത്താൻ ബത്തേരി സ്വദേശിനി ടീന (30) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 24 ക്യാരറ്റിന്റെ 146 ഗ്രാം സ്വർണവുമായാണ് ടീന കരിപ്പൂരിൽ വിമാനമിറങ്ങിയത്.