കൊച്ചി: സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ. ഇതേ പോക്ക് തുടർന്നാൽ ഇനി വിവാഹ ആവശ്യങ്ങൾക്കടക്കം എങ്ങനെ സ്വർണം വാങ്ങുമെന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ഉയർന്ന പണിക്കൂലി കൂടി ജ്വല്ലറികൾ ഈടാക്കുമ്പോൾ നടുവൊടിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നത്തെ സ്വർണ വിലയും ആശ്വാസം നൽകുന്നതല്ല.
നവംബറിന്റെ തുടക്കത്തിൽ തന്നെ സ്വർണത്തിന് പൊള്ളുന്ന വിലയായിരുന്നു രേഖപ്പെടുത്തിയത്, അന്ന് വിൽപന നടന്നത് പവന് 45,120 എന്ന നിലയിലായിരുന്നു. അടുത്ത ദിവസം വീണ്ടും വില വർധിച്ച് 45200 രൂപയായി. നവംബർ മൂന്നിന് 45,280 രൂപയായിരുന്നു പവന് വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി. നവംബർ 8 മുതൽ പത്ത് വരെ പവന് വീണ്ടും വില കുറഞ്ഞു. 44480 രൂപയ്ക്കായിരുന്നു ഒരു പവൻ ലഭിച്ചത്.
ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. 44,360 രൂപയായിരുന്നു വില. തുടർന്ന് വീണ്ടും പവന്റെ വില 45,000 രൂപയ്ക്ക് മുകളിലെത്തി. എട്ട് ദിവസം കൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റം ഇല്ലാതെ തുടരുകയാണ്. ഒരു പവന് സ്വർണത്തിന് ഇന്ന് നൽകേണ്ടത് 45,480 രൂപയാണ്,
10 ഗ്രാം സ്വർണത്തിന് 56,850 രൂപയും. 21 നായിരുന്നു പവന് 240 രൂപ വർധിച്ച് ഈ വില തൊട്ടത്. ഗ്രാമിന് 5685 രൂപ നൽകണം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കേരളത്തിന് പുറത്ത് മറ്റ് നഗരങ്ങളിലും ഉയർന്ന വിലയാണ് 10 ഗ്രാമിന് നൽകേണ്ടത്. ചെന്നൈ-57300, മുംബൈ-56850, ഡൽഹി -57000 ,കൊൽക്കത്ത-56850 എന്നിങ്ങനെയാണ് നിരക്കുകൾ.
ഈ കണക്കിന് പോയാൽ സ്വർണ വില അരലക്ഷം തൊടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ തന്നെ പണിക്കൂലി കൂടി ചേർത്ത് ഒരു പവന് അരലക്ഷത്തിന് അടുത്താണ് ചെലവ്. വില ഇനിയും ഉയർന്നേക്കുമെന്ന സൂചനയാണ് വിപണി വിദഗ്ദർ നൽകുന്നത്.
അതുകൊണ്ട് തന്നെ സാഹചര്യം മുന്നിൽ കണ്ട് വിവാഹം പോലുള്ള ആവശ്യങ്ങൾ ഉള്ളവർ ജ്വല്ലറികളിൽ നേരത്തേ തന്നെ സ്വർണം ബുക്ക് ചെയ്യുന്നുണ്ട്. ആളുകളെ ആകർഷിക്കാൻ ചില ജ്വല്ലറികളാകട്ടെ പണിക്കൂലി കുറിച്ചുള്ള വിൽപനയും നടത്തുന്നുണ്ട്.