കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഉയരുന്നത്. ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെങ്കിലും വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി കുറച്ചതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന്.
ഡോളര്‍ കരുത്ത് കുറയുകയാണ്. ആഗോള രാഷ്ട്രീയ സാഹചര്യം നിക്ഷേപത്തിന് അനുകൂലമല്ല. ഇറക്കുമതി നികുതി കുറച്ച ശേഷം കേരളത്തില്‍ വ50400ലേക്ക് പവന്‍ വില കുറഞ്ഞിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 50800 രൂപയാണ്. ഇന്നാണ് ഏറ്റവും കൂടിയ വില. അറിയാം പുതിയ പവന്‍ വില സംബന്ധിച്ച്…
കേരളത്തില്‍ ഇന്ന് 53360 രൂപയാണ് പവന്‍ വില. 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 6670 രൂപയിലെത്തി. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 5515 രൂപയിലെത്തി. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 90 രൂപയിലെത്തി.
എന്തുകൊണ്ടാണ് വില വര്‍ധിക്കുന്നത് എന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കാരണം. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിക്കുന്നു എന്നതാണ് പ്രധാന പ്രതിസന്ധി. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ രണ്ട് ഘടകവും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്.
എങ്ങനെയാണ് കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് എന്ന് അറിയാമോ? ആഗോള വിപണയിലെ വില, ഡോളര്‍-രൂപ മൂല്യം, മുംബൈയിലെ സ്വര്‍ണവില എന്നിവ ഒത്തു നോക്കിയാണ് ഓരോ ദിവസവും കേരളത്തിലെ വ്യാപാരികള്‍ വില നിശ്ചയിക്കുക. അപൂര്‍വം ചില ദിവസങ്ങളില്‍ രണ്ട് തവണ വില മാറും. ആഗോള വിപണിയില്‍ വില കൂടി വരുന്നതാണ് നിലവിലെ ട്രെന്‍ഡ്.
ഔണ്‍സ് സ്വര്‍ണവില ആഗോള വിപണിയില്‍ 2500 ഡോളര്‍ കടന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. 2508 ഡോളറാണ് രാവിലെ രേഖപ്പെടുത്തുന്നത്. ഏത് സമയവും ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. വില കൂടി വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാണ് നല്ലത്. അടുത്ത മാസം വലിയ തോതില്‍ സ്വര്‍ണവില കൂടിയേക്കുമെന്നാണ് വിവരം.
ഡോളര്‍ സൂചിക ദുര്‍ബലമാകുന്നതാണ് സ്വര്‍ണത്തിന് വില കൂടാനുള്ള ഒരു ഘടകം. 102.40 എന്ന നിരക്കിലാണ് സൂചിക. ഈ വേളയില്‍ മറ്റു പ്രധാനപ്പെട്ട കറന്‍സികള്‍ മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. അങ്ങനെയുള്ള സാഹചര്യം വന്നാല്‍ സ്വര്‍ണത്തിന് കൂടുതല്‍ ആവശ്യക്കാരെത്തുകയും വില കൂടുകയും ചെയ്യും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.88 ആണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 79.68 ഡോളര്‍ ആണ് പുതിയ വില.