FeaturedHome-bannerNews

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും,പ്രവര്‍ത്തകരുടെ യോഗം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. വൈകീട്ട് പ്രചാരണം തുടങ്ങിയേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നാണ് ലതികയുടെ നിലപാട്.

തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാൽ ഇത്തവണ മത്സരിക്കില്ല. കെപിസിസി പ്രസിഡന്‍റിനെ വിളിച്ചിട്ട്‌ ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു
ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്ന് ലതിക പറയുന്നു. ഒരു പാർട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക പ്രതികരിച്ചു. ഏറ്റുമാനൂരിൽ മുൻപും സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ച മണ്ഡലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇടമില്ലെന്ന് ഉറപ്പായതോടെ അങ്ങേയറ്റം വൈകാരിക പ്രതികരണമാണ് ലതിക സുഭാഷ് ഇന്നലെ കെപിസിസി ഓഫീസിന് മുന്നില്‍ നടത്തിയത്. പല പദവികളിലായി പതിറ്റാണ്ടുകൾ നീണ്ട പ്രവര്‍ത്തനങ്ങളെല്ലാം എണ്ണിപ്പറഞ്ഞ ലതിക സുഭാഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു. മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം പങ്കുവച്ചത്. പ്രതിഷേധങ്ങൾ പലവിധത്തിൽ ഏറെ കണ്ടിട്ടുണ്ടെങ്കിലും അസാധാരണമായ അനുഭവമാണ് കോൺഗ്രസ് നേതൃത്വത്തിന് മഹിളാ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരിട്ടത്. മികച്ച പട്ടികയെന്ന പേരിൽ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഇന്ദിരാ ഭവന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതോടെ നേതൃത്വം അക്ഷരാര്‍ത്ഥത്തിൽ പകച്ച അവസ്ഥയിലാണ് .

നിയമസഭാ തെരഞ്ഞെടുപ്പിൽ ജൻമനാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് അവര്‍ തുടക്കം മുതൽ പങ്കുവച്ചിരുന്നത്. ഇക്കാര്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുതിര്‍ന്ന നേതാക്കളെ എല്ലാം അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവ പൂര്‍വ്വമായ സമീപനം പ്രതീക്ഷിച്ചിരുന്ന അവര്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറെ ദുഖമുണ്ടെന്ന് ലതികാ സുഭാഷ് പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി അലഞ്ഞ സ്ത്രീകളെ എല്ലാം അവഗണിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ കരയേണ്ടി വന്നു കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് സീറ്റ് കിട്ടാൻ എന്നും ലതികാ സുഭാഷ് പറഞ്ഞു.

പിണറായി മോദി സര്‍ക്കാരിന്‍റെ സ്ത്രീ വരുദ്ധ നയങ്ങൾക്കെതിരെ ഒരു പകുതിയും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന കോൺഗ്രസ് നയത്തിനെതിരെ മറുപകുതിയും തലമുണ്ഡനം ചെയ്യുന്നു എന്നും തിരുത്തൽ ശക്തിയായി എന്നും ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുമെന്നുമാണ് ലതിക സുഭാഷിന്‍റെ പ്രതികരണം. അനുനയിപ്പിക്കാനെത്തിയ എംഎം ഹസ്സനോട് 15 വയസ്സുള്ള കുട്ടിയല്ലല്ലോ എന്ന ചോദ്യമാണ് ലതികാ സുഭാഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ലതിക യുഡിഎഫ് കൺവീനറുടെ കാല് തൊട്ട് വന്ദിക്കുകയും ചെയ്തു.

നാൽപത് വര്‍ഷമായി നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നതാണ് മൂവര്‍ണക്കൊടിയെന്ന് ലതിക സുഭാഷ് പറ‍ഞ്ഞു. പാര്‍ട്ടി പെറ്റമ്മയെ പോലെയാണ്. അത് അപമാനിക്കപ്പെടരുതെന്നാണ് ആഗ്രഹം. സമയവും കാലവും ഇല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. വനിത എന്ന പരിമിതി എവിടെയും തസമായിട്ടില്ല. പറഞ്ഞിട്ടുമില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നു എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 20 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പോലും കഴിഞ്ഞിട്ടില്ലെന്നും ലതികാ സുഭാഷ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker